2013, ജനുവരി 10, വ്യാഴാഴ്‌ച

കല്യാണ ഓര്‍മ്മകള്‍ .......

        കഴിഞ്ഞ എന്‍റെ ഒരു അവധിക്കാലത്ത്‌ നാട്ടില്‍ വന്നപ്പോള്‍ സുഹൃത്തിന്‍റെ കല്യാണം കൂടാന്‍ ഒരവസരം കിട്ടി.കുറേ നാളുകള്‍ക്ക് ശേഷമാണ് നാട്ടില്‍ ഒരു കല്യാണം കൂടുന്നത് .നമ്മുടെ നാട്ടിലെ കല്യാണങ്ങള്‍ക്ക് അധികം എവിടെയും കാണാത്ത കുറേ പ്രത്യേകതകള്‍ ഉണ്ട്.ഭക്ഷണം തന്നെ പ്രധാന പ്രത്യേകത .കാറ്ററിംഗ് ശീലങ്ങളൊന്നും ഇതുവരെ കയ്യേറിയിട്ടില്ല .ഇപ്പോളും "ഒരു സംയുക്ത സംരംഭം" ആയിട്ടാണ് ഭക്ഷണം പാചകം ചെയ്യുന്നത്.എന്‍റെ മറ്റു ജില്ലകളില്‍ നിന്നുള്ള സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ അത്ഭുതം കൂറുന്നത് കണ്ടിട്ടുണ്ട് . അപ്പോളൊക്കെ തെല്ല് അഹങ്കാരത്തോടെ എന്റെ നാടിനെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കത്തി"വെക്കുമായിരുന്നു .ഭക്ഷണം പാചകം ചെയ്യുന്നത് മുതല്‍ കല്യാണത്തിന് വിളമ്പുന്നത് വരെ ഉള്ള അധ്വാനത്തിന്റെയും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും രസകരമായ അനുഭവങ്ങള്‍ വീണ്ടും  ആസ്വദിക്കാന്‍ കഴിയും എന്നുള്ള അതിരറ്റ സന്തോഷം ആയിരുന്നു എന്നില്‍.....

ശനിയാഴ്ച സമയം വൈകുന്നേരം 5.30, ഒരു കാവി മുണ്ടും ഉടുത്തു ഞാന്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്ത് അമ്മ ചോദിച്ചു


"ഇത്ര നേരത്തെ എങ്ങോട്ടാ പോകുന്നേ ?

"കല്യാണ വീട്ടില്‍, നേരത്തെ പോയില്ലെങ്കില്‍ എന്ത് വിചാരിക്കും " ഞാന്‍ മറുപടി നല്‍കി 

ഇപ്പോള്‍ ആരും എത്തിയിട്ടുണ്ടാവില്ല ,രാത്രി ഭക്ഷണ പരിപാടി ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത് "

"എന്നാലും തേങ്ങ ഒക്കെ ചിരകാന്‍ ഉണ്ടാകില്ലേ ?" ഞാന്‍ ചോദിച്ചു 

"അതിനു ഇപ്പോള്‍ മെഷീന്‍ ഒക്കെ ഉണ്ട് സിതാരയില്‍ "

"ഓഹോ ...അപ്പോള്‍ അരക്കാന്‍ ഗ്രിന്റെര്‍ ഉണ്ടോ ?" 

ഇപ്പോള്‍ അരിക്കാ ഇരുന്നിട്ട് അരക്കാന്‍ ഒക്കെ പറ്റുന്നത് ,അത്യാവിശ്യം അരക്കാന്‍ കൂലിക്ക് ആളെ വിളിചിട്ടുണ്ടാകും.കുറച്ചു കഴിഞ്ഞിട്ടാണേല്‍ സീരിയല്‍ കഴിഞ്ഞിട്ട് നമുക്ക് ഒന്നിച്ചു പോകാം  " അമ്മ പറഞ്ഞു .

"ഞാന്‍ എന്നാല്‍ വായന ശാലയില്‍ പോയിട്ട് വരാം "

"പോകുമ്പോള്‍ അവിടെ ഒന്ന്  കേറീട്ടു പോയിക്കോ ,അച്ഛന്‍ നേരെ അങ്ങോട്ടാ വരുന്നത് "

"ശരി " ഞാന്‍ വീട്ടില്‍നിന്നും ഇറങ്ങി 

വായനശാലയിലേക്ക് നടന്നു നീങ്ങുമ്പോള്‍ പഴയ ആ കല്യാണ ദിവസങ്ങള്‍ മനസിലേക്ക് കടന്നു കൂടി ...

കല്യാണതലേ ദിവസം ഉച്ചക്ക് തന്നെ തുടങ്ങും ഒരുക്കങ്ങള്‍ ..അയല്‍വക്കത്തെ വീടുകളില്‍ നിന്നും "അമ്മി " കൊണ്ടുവരും .
പെണ്ണുങ്ങള്‍ക്ക്‌ പരദൂഷണം പറയാനുള്ള നല്ലൊരു വേദി ആയിരുന്നു അരക്കുന്ന സമയം .എല്ലാവരും ഒരു താളത്തില്‍ അരക്കുന്നത് കാണാനും നല്ല ചെലായിരുന്നു ...
ഒരു ഭാഗത്ത്‌ കസേരയുടെ മുകളില്‍ ചിരവ കമിഴ്ത്തിവെച്ചു അതിനു മുകളില്‍ ഇരുന്നു തേങ്ങ ചിരകുന്ന ചെറുപ്പക്കാര്‍ ..ആദ്യം വിളമ്പുന്ന അച്ചാര്‍ തന്നെയാണ് ആദ്യം ഉണ്ടാക്കുന്നതും .അതിനുള്ള ചെറുനാരങ്ങ പുഴുങ്ങി മുറിച്ചുതുടങ്ങും .പിന്നെ പച്ചടി കൂട്ടുകറി കഷങ്ങള്‍ ഉള്ളി ...ചേന അങ്ങനെ പോകും ലിസ്റ്റു ...പ്രഥമന്‍ ആണെങ്ങില്‍ തേങ്ങ പിഴിയുന്നതും ഒരു വലിയ സംഭവം ആണ്.കാബാജ് മുറിയോട് കൂടി ആ കലാപരിപാടി അവസാനിക്കും 

      പഴയ ഓര്‍മകളിലൂടെ നടന്നു ഞാന്‍ വായന ശാലയില്‍ എത്തിച്ചേര്‍ന്നു .വായന ശാലയില്‍ പഴയ അടക്കവും ചിട്ടയും ഒന്നും ഞാന്‍ കണ്ടില്ല.പത്രങ്ങള്‍ അവിടെ അവിടെ ചിതറി കിടക്കുന്നു .ആനുകാലികങ്ങള്‍ താഴെ വീണു കിടക്കുന്നു ..മൂട്ടയെ ഭയന്ന് ഞാന്‍ പത്രം വായന നിന്നാക്കി ..വായന മതിയാക്കി വേങ്ങാട് ടൌണിലൂടെ ഒന്ന്‍ നടക്കാം എന്ന് കരുതി പുറത്തിറങ്ങി .പരിചയം ഉള്ള ആരെയും കണ്ടില്ല ..വലതു ഭാഗത്ത്‌ മോഹനേട്ടന്റെ പീടിക ഇടതു ഭാഗത്ത്‌ തന്നെ പാര്‍ട്ടി ഓഫിസ്.ആ സ്ഥലം പാര്‍ട്ടി ഓഫീസിന് വേണ്ടി മാത്രം ഉള്ളതാണെന്ന് തോനുന്നു .പണ്ട് അവിടെ സി പി ഐ യുടെ ഓഫീസ് ആയിരുന്നു .ഒരു മഴക്കാലത്ത്‌ വായന ശാലയും ആ പാര്‍ട്ടി ഓഫീസും തകരുകയായിരുന്നു .പഴയ വായന ശാല ഉണ്ടായിരുന്ന സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് വായന ശാലയും പഴയ പാര്‍ട്ടി ഓഫീസിനു പകരം പുതിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസും .ഞാന്‍ നടന്നു രാജേട്ടന്റെ കൊഴികട റേഷന്‍ ഷോപ്പ് ,കോ ഓപ് സ്റ്റോര്‍ ,............മീന്‍ വില്‍പന .....ചാരായ ഷോപ്പ് ...അങ്ങനെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു സന്ധ്യ നടത്തം..

പരിചയക്കാരെ ആരെയും കണ്ടില്ല ..വെങ്ങടിന്റെ ബഹളങ്ങള്‍ ഒന്നും ഇല്ല തികച്ചും ശാന്തം ...വലിയ മാറ്റം സംഭവിച്ച പോലെ..നിരാശ പൂണ്ട ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു ..തിരിച്ചു നടക്കുമ്പോള്‍ എന്റെ ഓര്‍മകളും പഴയ കാലത്തേക്ക് തിരിച്ചു നടന്നു ..

സന്ധ്യ ആയിക്കഴിഞ്ഞാല്‍ വേങ്ങാട് തെരുവിന് ഒരു സൌന്ദര്യം ഉണ്ടായിരുന്നു ..പണി കഴിഞ്ഞു കുളി കഴിഞ്ഞു എല്ലാവരും ഒത്തു കൂടിയിരുന്ന വേങ്ങാട് തെരു ."കാള" യുടെ പൊറോട്ട ,മനോഹരെട്ടന്റെ ദോശ അവിടെങ്ങളിലെ തിരക്കും . ക്ലബ്ബുകള്‍ സജീവമായിരുന്നു കാലം യുവധാര ,തൃഷ്ണ ,YOUNG MENS ,വ്യാസ ,DIANAMOSE ,PEOPLES.അധ്യാപകന്‍ മാരും നെയ്തുകരും കൂലിപ്പണിക്കാരനും ഡ്രൈവറും എല്ലാം കൂടി ബഹളമയം ....എല്ലാം ഓര്‍മകള്‍ ..


സമയം 6.50 ഞാന്‍ വീട്ടില്‍ എത്തി ...അമ്മ കല്യാണത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു ...

"ഇന്നു സീരിയല്‍ കാണുന്നില്ലേ ?"

"ശനിയാഴ്ച സീരിയല്‍ ഇല്ലടാ ....."
"വേഗം പോയീ തല കാണിച്ചിട്ട് വരാം ,ഞാന്‍ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ...കൈ വേദന ഉള്ള എനിക്ക് ഒരു പണിയും എടുക്കാന്‍ കഴിയില്ല പിന്നെ എന്തിനാ "

"എന്നാ ഇറങ്ങാം " ഞാന്‍ പറഞ്ഞു 

സമയം 7 മണി നല്ല ഇരുട്ടായി കഴിഞ്ഞിരിക്കുന്നു ..അമ്മ ടോര്‍ച് എടുത്തു വാതിലും പൂട്ടി ഇറങ്ങി .
 "അച്ഛന്‍ ടോര്‍ച് എടുക്കാതെയാ പോയത് " അമ്മ പിറുപിറുത്തു ..


                                                                                                                        (തുടരും............... )

2012, ഡിസംബർ 30, ഞായറാഴ്‌ച

ഡിസംബര്‍ വിപ്ലവം എന്തിനു വേണ്ടി ?




       ലയാളം ചാനലുകളിലെ സ്ഥിരം കൊമാളിതരങ്ങളും കണ്ണീര്‍ സീരിയലുകളും കണ്ടു മടുത്ത ഞാന്‍ റിമോട്ടില്‍ അമര്‍ത്തി പിടിച്ചു കൊണ്ടിരുന്നു അപ്പോളാണ് ഡിസ്കവറി ചാനലിലെ  "Man vs Wild " എന്ന പ്രോഗ്രാം കാണാന്‍ ഇടയായത്.ഒരു മനുഷ്യന്‍ മരുഭൂമി പോലെ തോനിക്കുന്ന എന്നാല്‍ ഇടക്ക് ചെറിയ കുറ്റി  ചെടികളും മറ്റുമുള്ള വിജനമായ സ്ഥലത്തുകൂടി നടന്നു കൊണ്ടിരിക്കുന്നു .തമിഴ്  ഡിസ്കവറി ചാനല്‍ ആയതുകൊണ്ട് അയാള്‍ പറയുന്നത് തര്‍ജ്ജമ ചെയ്തു തമിഴില്‍ ആക്കിയിരുന്നു .കിഴക്കന്‍ ആഫ്രിക്കയിലെ ഏതോ പ്രദേശം ആണെന്ന് അയാളുടെ സംസാരത്തില്‍ എനിക്ക് മനസിലായി.അയാള്‍ വെള്ളം അന്വേഷിച്ചു പോകുകയാണ് .അയാള്‍ തീരെ അവശനാണെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം.അയാള്‍ നടന്നു കൊണ്ടിരുന്ന വഴിയില്‍ ഒരു ഒട്ടകം(മരുഭൂമിയിലെ കപ്പല്‍ )  ചത്ത്‌ കിടക്കുന്നു.അദ്ദേഹം അതിനെ പരിശോധിക്കുന്നു മരിച്ചു കഴിഞ്ഞിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ എന്ന് അയാള്‍ ഉറപ്പിച്ചു .കയ്യില്‍ ഉണ്ടായിരുന്ന കത്തിയെടുത്തു അതിന്‍റെ തൊലി ചെത്തിയെടുക്കാന്‍ തുടങ്ങി.തൊലിക്കടിയില്‍ കിടന്ന കൊഴുപ്പ്(പൂഞ്ഞ ) തിന്നാന്‍ തുടങ്ങി എന്ത് ആവേശത്തോടെ ആണ് അയാള്‍ അത് കഴിക്കുന്നത്‌ എന്ന് നോക്കി എനിക്ക് ഓക്കാനിക്കാന്‍ വന്നു.ഇയാള്‍ എന്തൊരു മനുഷ്യന്‍ ?? പച്ച മാംസം കഴിക്കുന്ന ഇയാള്‍ മനുഷ്യ വര്‍ഗ്ഗം തന്നെ ആണോ?. എനിക്കയോളോട് വെറുപ്പും ദേഷ്യവും തോന്നി ഞാന്‍ ചാനല്‍ മാറ്റി മനോരമ ന്യൂസ്‌ ചാനല്‍ വച്ചു ."ദല്‍ഹി മാനഭംഗത്തിനു ഇരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ " ഈ സ്ക്രോളിംഗ് ന്യൂസ്‌ ആണ് ആദ്യം കണ്ണില്‍ പെട്ടത് .

        ഈ വാര്‍ത്ത കേട്ടപോളാണ്  ചത്ത്‌ കിടന്ന ഒട്ടകത്തെ വിശപ്പ് അകറ്റാന്‍ കഴിച്ച അയാളെ ഞാന്‍ എന്തിനു വെറുക്കണം  ,ദേഷ്യ പെടണം സഹതപിക്കണം  ?? . ഈ ഭൂയില്‍ ഉള്ള സകല ജീവജാലങ്ങളുടെയും സമാനതകളുള്ള വികാരം വിശപ്പ്‌ മാത്രമാണ്.ആ വികാരത്തെ ശമിപ്പിക്കാന്‍ ആര്‍ക്കും ഉപദ്രവമില്ലാതെ ചത്ത്‌ കിടന്ന ഒട്ടകത്തെ ഭക്ഷണമാക്കിയതില്‍ എന്താണ് തെറ്റ്.  എന്നാല്‍  ദല്‍ഹി നഗരത്തില്‍ സിനിമ കണ്ടു തിരിച്ചു വരികയായിരുന്ന സുഹൃത്തുക്കളെ ബസ്സില്‍ വച്ച് പീഡിപ്പിച്ച് ജീവച്ചവം ആക്കിയ നാരാധപന്‍ മാരുടെ വികാരം എന്തായിരിക്കും ?.യോനി നാളത്തിലൂടെ ഇരുമ്പ് ധണ്ട് കയറ്റി ആഹ്ലാതിച്ചവന്റെ വികാരം എന്താണ് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.ആ  സഹോദരി അനുഭവിച്ച വേദന ഓര്‍ക്കുമ്പോള്‍ കയ്യും കാലും തളര്‍ന്നു പോകുന്നു .ഈ പരിഷ്കൃത സമൂഹത്തില്‍ മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരത ആ സഹോദരിയോടു കാണിക്കാന്‍ മാത്രം എന്തെങ്കിലും പൂര്‍വ്വ വൈരാഗ്യം ഉള്ളതായി എവിടെയും ഇ കാലയളവില്‍ വായിച്ചിട്ടില്ല.അപ്പോള്‍ പിന്നെ "കാമം" എന്ന വികാരം മാത്രമാണോ അവരെ ഈ ക്രൂര കൃത്യത്തിനു നയിച്ചത്.

        സ്ത്രീ അമ്മയാണ് പെങ്ങള്‍ ആണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണോ ഇത്തരം കാമ ഭ്രാന്തന്മാരെ സൃഷ്ട്ടിക്കുന്നത് ?? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ കാരണങ്ങള്‍ ?? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ഉണ്ട്.
        ഒരു മനുഷ്യന്‍റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ അവന്‍റെ വീടും സാമൂഹിക ചുറ്റുപാടും വലിയ പങ്ക് വഹിക്കുന്നുണ്ട്.വീട്ടില്‍ നിന്ന് തുടങ്ങുന്ന ആ വ്യക്തിത്വ രൂപികരണം അവന്‍റെ വിദ്യാഭ്യാസം സാമൂഹിക ഇടപെടലുകള്‍ കൂട്ടുകാര്‍ എന്നിവയിലൂടെ പൂര്‍ത്തീകരിക്കുന്നു.ഈ രൂപികരണ വേളയിലാണ് "സെക്സ് "അഥവാ കാമവികാരം അവനെ ആകര്‍ഷിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത്.കൊച്ചു കൊച്ചു അറിവുകള്‍ അവനെ കൂടുതല്‍ ജിഞാസു ആക്കുന്നു .പുതിയ കാലത്തിലെ മൊബൈല്‍ ക്ലിപ്പിങ്ങുകള്‍ അവന്‍റെ ആഗ്രഹങ്ങളുടെ വേഗത കൂട്ടുന്നു. സെക്സ് എന്ന വികാരം സ്ത്രീ യില്‍ ഉപയോഗിക്കുമ്പോളാണ് പൂര്‍ണത എന്ന അത്യന്ധികമായ തിരിച്ചറിവില്‍ എത്തിക്കുന്നു .ഈ തിരിച്ചറിയപ്പെട്ട വികാരം അടിച്ചമര്‍ത്തി അവന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നു . ഇങ്ങനെ അടിച്ചമര്‍ത്തിയ വികാരവുമായി സമൂഹത്തില്‍ ഇടപഴകുമ്പോള്‍,രാത്രി കാലങ്ങളില്‍ തനിച്ചു കാണുന്ന സ്ത്രീയോടും ,ട്രെയിനിലോ ബസ്സിലോ  യാത്ര ചെയ്യുമ്പോളും അടിച്ചമര്‍ത്തിയ വികാരത്തെ, സ്ത്രീയെ അറിയാനുള്ള ആഗ്രഹത്തെ പുറത്തെടുക്കാന്‍ നോക്കുന്നു .ആ സമയത്ത് സമൂഹം കുടുംബം അമ്മ പെങ്ങള്‍ തുടങ്ങിയ വ്യക്തിത്വ രൂപികരണ ഘടകങ്ങള്‍ അവനെ പിന്നോട്ട് വലിക്കുന്നു.ഈ പറഞ്ഞവ അവനെ സ്വാദീനിചില്ലെങ്കില്‍ വികാരത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും കാമ പൂര്‍ത്തീ കരണത്തിന് ശ്രമിക്കുകയും  ചെയ്യും .ശക്തി പ്രേരകങ്ങള്‍ ആയീ മദ്ധ്യം മയക്കു മരുന്ന് എന്നിവയും കൂട്ടിനുണ്ടാകും .അവിടെയാണ് പീഡനങ്ങളും ബലാല്‍ക്കാരവും ഉണ്ടാകുന്നത് എന്നാണ് ഞാന്‍ കരുതുന്നത് .അതുകൊണ്ടല്ലേ ഒരേ വികാരം ഉള്ള എല്ലാവരും പീഡിപ്പിക്കാനും ബാലല്‍ക്കരത്തിനും പോകാത്തത്.മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്ന എല്ലാവരും പീഡന ക്കാര്‍ ആകാത്തത് ?
        ഇവിടെ  യഥാര്‍ത്ഥ കുറ്റവാളികള്‍ ആ അര്‍ത്ഥത്തില്‍ അവനെ പിന്നോട്ട് വലിക്കാന്‍ പ്രേരണ ആകാത്ത, സമൂഹം അമ്മ പെങ്ങള്‍ വിദ്യാഭ്യാസം  ഒക്കെ അല്ലേ ?? പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള വഴി ഈ പറഞ്ഞ ഘടഘങ്ങളെ പരിഷ്ക്കരിക്കുകയല്ലേ ?അല്ലാതെ പീഡനക്കാരനെ തൂക്കി കൊല്ലാന്‍ നിയമും ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടോ ?
കൊല ചെയ്താല്‍ തൂക്കി കൊല്ലാന്‍ നിയമം ഉള്ള നമ്മുടെ നാട്ടില്‍ നിയമത്തെ ഭയന്ന് ആരും കൊല ചെയ്യതിരുന്നിട്ടില്ല .ലോകത്ത് ഒരു രാജ്യത്തും നിയമത്തെ ഭയപ്പെട്ട് ആരും കുറ്റം ചെയ്യാതിരുന്നതായി കേട്ടിട്ടില്ല.പിന്നെ എങ്ങനെയാണു നമുക്ക് ഇത്തരം ആവര്‍ത്തന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുക ?
                                                                                     (തുടരും .....................)

2012, ഡിസംബർ 16, ഞായറാഴ്‌ച

ഒരു വിലാപം


     ഇന്ന് ഞാന്‍ വലുതായിരിക്കുന്നു 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന വേങ്ങാട് അല്ല ഇന്ന്‍ .വലിയ വ്യവസായ സ്ഥാപനം വന്നു ഒരു പാട്  ആളുകള്‍ക്ക് തൊഴില്‍ ആയീ നാടിന്റെ മുഖചായ തന്നെ മാറി എന്നാ മിത്യ ധാരണ ഒന്നും വേണ്ട...ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല .വേങ്ങാട് ന്‍റെ  പൊതു ജീവിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  മണ്ഡലത്തില്‍ ഉള്ള പ്രകടമായ വത്യാസങ്ങള്‍ ...ഒരു പക്ഷെ ഇതു വെങ്ങടിന്റെ മാത്രം പ്രശ്നമല്ല.നാടോടുമ്പോള്‍  നടുവേ ഓടണം എന്ന ചൊല്ലിനനുസരിചു നമ്മുടെ നാടും ഓടുന്നു അത്രതന്നെ ..പിന്നെ എന്തിനു ഇ പരിതപിക്കല്‍ എന്ന് സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നിയിരിക്കാം ,അത് തന്നെയാണ് എനിക്കും മനസിലാകാത്തത് ഞാന്‍ എന്തിനു പരിതപ്പികണം .....????

              ഏഴു വര്‍ഷം ബാല്യത്തിന്റെ സകല സൌകുമാര്യങ്ങലോടും കൂടി അനുഭവിച്ച വേങ്ങാട് സൗത്ത് യു പി സ്കൂള്‍ ....വെങ്ങടിന്റെ ബാല്യങ്ങളെ യവ്വനത്തിലേക്ക് കൂട്ടികൊണ്ടുപോയ സ്കൂള്‍ മുത്തശ്ശി ....എന്നെ പോലെ ഒരുപാട്  പേര്‍ക്ക് ഒരുപാടു കഥകള്‍ പറയാനുണ്ടാകും ..അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍  എന്ന വേര്‍തിരിവില്ലാതെ ഒരു കുടുംബം പോലെ വേങ്ങാട് ഗ്രാമത്തിന്റെ മുഖശ്രീ ആയി നിന്ന സ്കൂള്‍.... .; ഇന്ന് ആ സ്കൂളിന്റെ അവസ്ഥ വളരെ പരിതാപകരം ആണ്..ഒരു പാട് കാരണങ്ങള്‍ ഉണ്ടായിരിക്കാം ,പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയുടെ ജീവിക്കുന്ന രക്തസാക്ഷി ,ആംഗലേയ വിദ്യാഭ്യാസത്തോടുള്ള   അഭിനിവേശം മാനജുമെന്റിന്റെ പിടിപ്പുകേട് രാഷ്ട്രീയക്കാരുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മ അങ്ങനെ പലതും...

       നാം പഠിച്ചു വളര്‍ന്ന, കണ്ടു വളര്‍ന്ന സ്കൂളിനെ രക്ഷികേണ്ട ബാധ്യത നമുക്കില്ലേ? സ്കൂള്‍ ഉണ്ടായ ചരിത്രം അറിയില്ല എങ്കിലും നമ്മുടെ ജീവചരിത്രത്തിന്റെ ഭാഗമായ സ്കൂളിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കില്ലേ?ഏതു കാര്യത്തെയും സൂഷ്മതയോടെയും രാഷ്ട്രീയമായും കണ്ടിരുന്നു വേങ്ങാട്കാര്‍ക്ക് എന്ത് പറ്റി ??മാന്യന്‍ ആക്കാന്‍ അല്ല മനുഷ്യ നാക്കാനാണ് വിദ്യാഭ്യാസം എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് അങ്ങനെ എങ്കില്‍ നമ്മള്‍ വിദ്യാഭ്യാസം കൊണ്ട് ഒന്നും നേടിയിട്ടില്ല എന്നതാണോ സത്യം ?

       ചരിത്രം എത്ര ചൂഴ്ന്നു നോക്കിയാലും വേങ്ങാട് ഒരു സ്കൂള്‍ തുറന്നത് ഇന്നത്തെപോലെ ലഭാകൊതിയോടെ ആകാന്‍ തരമില്ല ...കൈത്തറി തൊഴിലാളികളും തെങ്ങ് കയറ്റക്കാരും ചുമട്ടു തൊഴിലാളികളും കൃഷിക്കാരും മാത്രമുണ്ടായിരുന്ന ഈ നാട്ടില്‍ ലാഭം കൊയ്യാന്‍ വേണ്ടി ഈ ഓണം കേറാ മൂലയില്‍ എങ്ങനെ ഒരു സ്കൂള്‍ ഉണ്ടാക്കും എന്ന് അരി ഭക്ഷണം കഴിക്കുന്ന ആരും ചിന്തിക്കുകയും ഇല്ല .ഞാന്‍ ഒന്നും സ്കൂള്‍ ഫീസും ടുഷന്‍ ഫീ കൊടുത്തതായും ഓര്‍ക്കുന്നില്ല ...എപോഴെങ്കിലും വരുന്ന സ്കൌട്ട് കൊടി  (സ്റ്റാമ്പ്‌ ) അല്ലാതെ ...
             അപ്പോള്‍ പിന്നെ ആരുടെയൊക്കെ ജീവിതഭിലഷവും വിയര്‍പ്പും പ്രെയക്നവും ഒക്കെ ഉണ്ടാകും ഇങ്ങനെ ഒരു സക്ഷല്‍കരത്തിന് പിന്നില്‍ ..അവരോടു നാം കാണിക്കുന്ന നന്ദികേട് ആവില്ലേ സ്കൂളിന്‍റെ  ഈ അവസ്ഥ .പിന്നിങ്ങോട്ട് തുടര്‍ന്ന് വന്ന മാനേജ്മെന്‍റ്ന്‍റെ പിടിപ്പുകേട് മാത്രമാണോ ഇ ധുരവസ്തക്ക് കാരണം ?കാലാ  കാലങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുകയും മാനേജ് മാന്റെ സ്വന്തക്കാരെ തിരികി കയട്ടിയതുമാണോ പ്രശ്നങ്ങള്‍?ചില കാരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇതു.

       ഇവിടെ ആണ് ഞാന്‍  നേരത്തെ സൂചിപ്പിച്ച" വേങ്ങാട് ന്‍റെ  പൊതു ജീവിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  മണ്ഡലത്തില്‍ ഉള്ള വത്യാസങ്ങള്‍" പ്രകടമാകുന്നത് .അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം സംഘടിച്ചതും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശക്തിപെട്ടതും കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളില്‍ വലിയ ചലങ്ങള്‍ ഉണ്ടാക്കി.ജീവിത നിലവാരത്തിലും ശൈലിയിലും മാറ്റങ്ങള്‍ ഉണ്ടായി.മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കുക എന്ന സാമൂഹ്യ ഭോധം മുണ്ട് മുരുക്കിയുടുത്തും ജീവിക്കാന്‍ രക്ഷിതാക്കളെ ശീലിപ്പിച്ചു .ആ ശീലത്തിന്റെ തുടര്‍ച്ച തന്നെയാണ് നാം ഇന്നു കാണുന്നതും.ആഗോളവല്‍കരണം തൊടുത്തുവിട്ട മായിക ലോകത്ത് രക്ഷിതാക്കള്‍ കുറേകൂടി സ്വാര്‍ത്ഥരായി ..നല്ല വിദ്യാഭ്യാസം നല്ല സ്കൂളില്‍ എന്നാ ചിന്ത രക്ഷിതകളില്‍ മത്സര ബുദ്ധി ഉണ്ടാക്കി .എന്‍റെ മക്കള്‍ അയല്‍വക്ക കാരന്‍റെ മക്കളെക്കാളും ഉയര്‍ന്ന സ്കൂളില്‍ പഠിക്കണം എന്ന കൊച്ചമ്മ സംസ്കാരവും ഇംഗ്ലീഷ് മേടിയും സ്കൂളില്‍ പഠിച്ചാലെ എന്റെ മക്കള്‍ക്ക്‌ എഞ്ചിനീയര്‍ ആകാന്‍ പറ്റു എന്ന മിഥ്യ ബോധവും നമ്മുടെ മുറ്റത്തെ സ്കൂളിനെ അനാഥമാക്കി.മക്കള്‍ നല്ല നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നത് തെറ്റ് അല്ല പക്ഷെ നമ്മുടെ പൈത്രകം തിരിച്ചറിയാതെ പോകുന്നത് വലിയ തെറ്റ് തന്നെയാണ്.കയ്യില്‍ ഉള്ളത് കളഞ്ഞു ഉയരം കീഴടക്കാന്‍ പോയവരൊക്കെ തലകുത്തി വീണ ചരിത്രമാണ്‌ നാം കേട്ടിട്ടുള്ളത് .കമ്മ്യൂണിസ്റ്റ്‌ കോട്ടയായ വേങ്ങാടി നു മൂല്യ്‌ ബോധം സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നു എന്നത് തന്നെ ആനുകാലിക രാഷ്ട്രീയത്തിന്‍റെ ജീര്‍ണിച്ച അവസ്ഥ വ്യക്തമാക്കുന്നു.ആഗോളവല്‍കരനതിനും ഭൂര്‍ഷ്വാസിക്കും,കുത്തക മുതലാളിത്തത്തിനും വര്‍ഗീയ വാദികള്‍ ക്കും എതിരെ മാത്രമല്ല ശക്തമായ സാമൂഹ്യ ബോധത്തിലേക്കും സാംസ്‌കാരിക ലോകത്തേക്കും മൂല്യ ബോധത്തിലേക്കും ജനങ്ങളെ നയിക്കുക എന്ന കടമയും രാഷ്ട്രീയകാര്‍ക്ക്  ഉണ്ട്.ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്."നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി" എന്ന നാടകം ഒരു ഉദാഹരണം മാത്രം.ഒരു നാടകം നാട്ടിനെ മറ്റിയെങ്ങില്‍ ഇന്നു എന്തുകൊണ്ട് കഴിയുന്നില്ല ?

ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി മലയാളിക്ക് ഏതു സാദനവും സൌന്ദര്യമുള്ളതും കാണാന്‍ കൊള്ളാവുന്നതും  ആയിരിക്കണം .അകക്കാമ്പ് എന്ത് തന്നെ ആയാലും പുറം ചട്ട നാലാളെ കാണിക്കാന്‍ പറ്റുന്നതയിരിക്കണം .സ്കൂളിന്റെ കാര്യത്തിലും അങ്ങനെ തന്നെ .എന്റെ മക്കള്‍ പഠിക്കുന്നത് ചിന്‍മയ സ്കൂളിലാണ് എന്ന് പറയുമ്പോള്‍  കിട്ടുന്ന സംത്രപ്തി അതിലേക്കാണ് നയിക്കുന്നത് .ഇത്തരം സ്കൂളുകളുടെ പുറം മോടിയില്‍ വീണു പോകുമ്പോളും ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന നല്ല കാര്യങ്ങളെ വിസ്മരിക്കുന്നില്ല .അതില്‍ പ്രധാനമാണ്  അടിസ്ഥാന സൗകര്യം .നല്ല മൂത്ര പുരകള്‍ പോലും ഇല്ലാത്ത സര്‍ക്കാര്‍ ഐടെദ് സ്കൂളുകളാണ് നമുക്ക് ചുറ്റും ഉള്ളത്.ഉപയോഗിക്കാതെ പാഴാക്കി കളയുന്ന എം എല്‍ എ ,എംപി ഫണ്ടോ നമ്മുടെ സ്കൂളിനുവേണ്ടി വാങ്ങിച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല .ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയപ്പോള്‍ സ്കൂളിന്‍റെ അടിസ്ഥാന വികസനത്തിന്‌ ഊന്നല്‍ നല്‍കിയില്ല എന്ന് മാത്രമല്ല കാലിന്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു  പോകുന്നത് തിരിച്ചറിഞ്ഞു മില്ല .ഈ ഒലിച്ചു പോകുന്ന മണ്ണിനെ സംരക്ഷിക്കേണ്ട രാഷ്ട്രീയക്കാരും പതിവ് മൌനം തുടര്‍ന്നു .എന്തിനെയും വൈകാരികമായി കണ്ടു കൊണ്ടിരുന്ന വേങ്ങാട് കാര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത പോലെ പല്ലിളിച്ചു നില്‍കുന്നു...അധികം താമസിയാതെ ഒരു റീത്ത് വേങ്ങാട് ന്‍റെ  വകയായി ചാര്‍ത്തി ഉച്ചത്തില്‍ മുദ്രവാക്യം വിളിച്ചു ഒരു അനുശോചന സമ്മേളനവും കൂടി ഈ സ്കൂളിന്റെ അകാല നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തി പിരിയാം ......


  " ആര്ജിത വിജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവ് മനുഷ്യനെ സംസ്കൃതനാക്കണം. തിരിച്ചറിവ് നല്കാത്ത വിദ്യ അജ്ഞത പോലെ അര്ഥശൂന്യമാണ്."

 

2012, ഡിസംബർ 11, ചൊവ്വാഴ്ച

ഇന്നലെ ഞാന്‍ കണ്ട സ്വപ്നം

            നല്ല  മഴ ....സ്കൂള്‍ തുറക്കാന്‍ കത്തുനിന്നപോലെ ....ഒറ്റമടക്ക് കുടയില്‍ ഞാനും ചേച്ചിയും സ്കൂളിലേക്ക് ..പുസ്തകങ്ങള്‍ കുത്തിനിറച്ച ബാഗോ വാട്ടര്‍ ബോട്ടിലോ ഇല്ലാതെ പുതിയ ട്രൌസറും ഷര്‍ട്ടും ഇട്ടു സ്കൂളിലേക്ക്  പോകാന്‍ എന്തുകൊണ്ടോ വല്ലാത്ത ഒരു ആവേശമായിരുന്നു ..എന്നിലെ കുസ്രിതിക്കാരന്‍ മഴകാരണം കുടകീഴില്‍ ചേച്ചിയോട് ചെറിയ പരിഭവത്തോടെ  മെല്ലെ നടന്നു നീങ്ങി ..പാവം ചേച്ചി ഞാന്‍  നനയാതിരിക്കാന്‍ സെന്റ്‌. ജോര്‍ജ് കുട എന്റെ ഭാഗത്തേക്ക്‌ കൂടുതല്‍ നീട്ടി പിടിച്ചു നടന്നു .. .എലി ഭക്ഷണമാക്കിയ കുടയുടെ ചെറിയ ഭാഗം  മമ്മദ്ക്ക വട്ടത്തില്‍ തുന്നി വച്ചിരുന്നു എങ്കിലും അതിലൂടെ വെള്ളത്തുള്ളികള്‍ ഇറ്റി കൊണ്ടിരുന്നു .

      വെള്ള ചാലുകളെ പിന്തുടര്‍ന്ന്   നാലാം പെരിയ എത്തിയപ്പോളെക്കും  സമയം 9.30 ആയിരുന്നു.ബാലേട്ടന്റെ കടയില്‍ ചേട്ടന്മാരും ചേച്ചിമാരും ബഹളം വെക്കുന്നു എങ്കിലും അതിനിടയില്‍ ശാന്തനായ  ബാലേട്ടന്റെ മൊട്ട തല തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു ..
    കുട്ടികളുടെ കലപിലകള്‍കൊപ്പം  താളത്തില്‍ മുഴങ്ങുന്ന മഗ്ഗത്തിന്‍റെ * (മനസിലാകതവര്‍ക്ക്  താഴെ * ഈ  ചിഹ്നം നോക്കാവുന്നതാണ് ) ശബ്ദം .സ്കൂളിന്റെ മതില്‍ കണ്ടതോടെ  എന്റെ ഹൃദയ താളവും വര്‍ദ്ധിച്ചു .സ്കൂളിന്റെ മതില് കടന്നു വരാന്ധയില്‍  കയറിനിന്നു. കുറച്ചു രക്ഷിതാക്കളും ഉണ്ടായിരുന്നു.ചേച്ചി എന്തുചെയ്യണം എന്നറിയാതെ പകച്ചു നിന്നു .പ്രവേശനോത്സവം ഒന്നും അന്ന് കണ്ടുപിടിക്കാത്തത് നന്നായി,ആരോക്കയോ കരയുന്നുണ്ടായിരുന്നു.കരയുന്നവരെയൊക്കെ ഒരു പുച്ചഭാവത്തില്‍ ഞാന്‍ നോക്കികൊണ്ടിരുന്നു.ഈ കരച്ചളിനും ബഹളത്തിനും ഇടയിലൂടെ തണുത്തു വിറച്ച് ഒരാള്‍ നടന്നു പോയീ .....ടിം ..................നീണ്ട ഒരു ബെല്‍ എല്ലാവരും ഓടി ക്ലാസ്സില്‍ കയറുന്നു ...പ്യുണ്‍ രാഘവേട്ടനാണ് ആ പോയത് ..പിന്നീടാണ് മനസിലായത് രാഘവേട്ടന്റെ ശൈലി ആണ് അതെന്നു ആരെയും വേദനിപ്പികാതെ ഭൂമിയെ പോലും .....
     പുതിയ എല്ലാ കുട്ടികളോടും ഒഴിഞ്ഞ ക്ലാസ്സ്‌ റൂം കാണിച്ചു അവിടെ ഇരിക്കാന്‍ പറഞ്ഞു .എനിക്കെ റൂം കാണിച്ചു തന്നു ചേച്ചി ക്ലാസ്സിലേക്ക് ഓടി പോയീ...ഒഴിഞ്ഞ  ക്ലാസ്സിലേക്ക് നോക്കവേ............... ഠിം വീണ്ടും രാഘവേട്ടന്‍ .............ഒരു നിശബ്ദത ....അതിനിടയില്‍ കരച്ചില്‍ ഉച്ചത്തില്‍ ആയതു പോലെ ...ചിലരുടെ വാ അമ്മമാര്‍ പോത്തിപിടിച്ചു .... മഴ അപ്പോളും താളം കൊട്ടികൊണ്ടിരുന്നു.ഈശ്വര പ്രാര്‍ത്ഥനയുടെ ഈണത്തില്‍,..........,
 ജനല്‍ പാളികളിലൂടെ എതിനോക്കിയപോള്‍ എല്ലാവരും എഴുന്നേറ്റു നിന്നിരിക്കുന്നു ......വീണ്ടും രാഘവേട്ടന്‍ ടി........ടിം ..................എല്ലാവരും ഇരുന്നു ...
  
          ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിനെ ലക്ഷ്യമാക്കി നടക്കുന്നവരുടെ കൂടെ ഞാനും കൂടി..ചില രക്ഷിതാക്കളും കൂടെ ഉണ്ടായിരുന്നു .ബെഞ്ചില്‍ ഇരുന്നു ..നനഞ്ഞ ട്രൌസര്‍ കാലിനോട് ഒട്ടിയപ്പോള്‍ ഒന്ന് ഞെട്ടി.രാഘവേട്ടന്‍നടന്നു പോകുന്ന കണ്ടു ....ഒരു ഭയത്തോടെ ചുറ്റും നോക്കി ...തറയില്‍ ചെളി പിടിച്ചിരിക്കുന്നു...ഒരു ഭാഗത്ത്‌ കുട നിവര്‍ത്തി വെച്ചിരിക്കുന്നു ..
ചുമരില്‍ എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്.ബ്ലാക്ക്‌ ബോര്‍ഡ്‌ ഒരു കസേര മേശ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നു ..അപ്പുറത്തെ ക്ലാസ്സില്‍ ചേട്ടന്മാരും ചേച്ചിമാരും ഒച്ച ഉണ്ടാക്കി കുസൃതി കാണിക്കുന്നു.തെല്ലു ആവേശത്തോടെ  ഞാന്‍ അതൊക്കെ നോക്കിയിരുന്നു പെട്ടന്ന് അവിടെ ഒരു നിശബ്ദദ .....ടീച്ചര്‍ വന്നിരിക്കുന്നു ...
സാരി ഉടുത് മെലിഞ്ഞ സ്ത്രീ (അധ്യാപികമാര്‍ക്ക് ഡ്രസ്സ്‌ കോട്  കണ്ടുപിടിക്കാത്തത് കാരണം അന്ന് എല്ലാ അധ്യാപികമാരും സാരി ആണ് ധരിച്ചിരുന്നത് )ജാനകി ടീച്ചര്‍ ..................

  അതികം താമസിക്കാതെ കസേരയുടേം മേശയുടെം കാത്തിരിപ്പു മതിയാക്കി കയ്യില്‍ ഒരു പുസ്തകവുമായി ഒരു ടീച്ചര്‍ നടന്നുവരുന്നു ലക്‌ഷ്യം ഞങ്ങള്‍ തന്നെ ...പ്രായം ഉണ്ടെങ്കിലും ജാനകി ടീച്ചറെ പോലെ മെലിഞ്ഞിട്ടല്ല നല്ല തടിയുള്ള ടീച്ചര്‍ .ആ  ക്ലാസ്സില്‍ എല്ലാവര്ക്കും ഇരിക്കാന്‍ ബെഞ്ച് തികഞ്ഞില്ല കുറചു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു ....ടീച്ചര്‍ കയ്യില്‍ ഉണ്ടായിരുന്ന പുസ്തം എടുത്തു തുറന്നു പേര് വിളിക്കാന്‍ തുടങ്ങി...എന്റെ പേര് വിളിക്കുന്നതും ശ്രദ്ധിച്ചു  ഞാന്‍ ഇരുന്നു.പെട്ടന്ന് തന്നെ എന്റെ പേര് വിളിച്ചു ...പേരിലാതവരേം കൂടി ടീച്ചര്‍ അടുത്ത ക്ലാസ്സിലേക്ക് പോയീ..താമസിയാതെ തിരിച്ചു വന്നു...എന്റെ ആദ്യത്തെ ക്ലാസ്സ്‌ ടീച്ചര്‍ സരള ടീച്ചര്‍ ഒന്നാം ക്ലാസ്സ്‌ ഡിവിഷന്‍ എ ....
രാഘവേട്ടന്‍ നടന്നു വരുന്ന കണ്ടു ഇത്തവണ നടത്തത്തിനു സ്വല്‍പ്പം വേഗത  കൂടുതല്‍ ഉള്ളതുപോലെ തോന്നി ...എന്റെ ക്ലാസ്സിന്റെ അടുത്തേക്ക് വന്നു വാതിലിനോടു  ചേര്‍ത്ത് വച്ചിരിക്കുന്ന ഇരുമ്പ് വടിയെടുത്തു അവിടെ തൂക്കിയിട്ടിരിക്കുന ഇരുമ്പ് ചക്രത്തില്‍ രണ്ടു അടി ടി....ഠിം ......................വടി പഴയത് പോലെ വച്ചിട്ട് സാവധാനത്തില്‍ രാഘവേട്ടന്‍ നടന്നു നീങ്ങി..അപ്പുറത്തെ ക്ലാസ്സില്‍ വീണ്ടും ഭഹളം ജാനകി ടീച്ചറും പോയിരിക്കുന്നു ...സരള ടീച്ചര്‍ ആ പുസ്തകത്തില്‍ എന്തൊക്കെയോ എഴുതികൊണ്ടിരിക്കുന്നു ......ഞങ്ങള്‍ എല്ലാവരും അമ്പരപ്പോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു....എന്റെ ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസം .....അവിടെ തുടങ്ങി വിദ്യ....  അഭ്യാസം ........ 

             വീണ്ടും ഒരു ഠിം.... ഠിം ......ഇത്തവണ രാഘവേട്ടന്‍ ആയിരുന്നില്ല ..മൊബൈല്‍ എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ എന്നവണ്ണം അലാറം അടിച്ചു കൊണ്ടിരുന്നു..
അലാറം ഓഫ്‌ ചെയ്തു വീണ്ടും സ്വപ്നത്തിലേക്ക് തിരിച്ചു പോകാന്‍ ശ്രെമിച്ചു ..ഇല്ല പറ്റുന്നില്ല....ഞാന്‍ കണ്ണ് തുറന്നു ..ജനല്‍ ചില്ലിലൂടെ ചെറിയ വെളിച്ചം ഇന്ന്  വെള്ളി ആഴ്ച ആണെന്ന് ഒര്മിചെടുത്തപ്പോള്‍ മൊബൈലിനെ അമ്മായി അമ്മ മരുമകളെ നോക്കുന്ന പോലെ കറുപ്പിച്ചു  നോക്കി മനസ്സില്‍ 'നന്ദി കേട്ടവള്‍' എന്ന് പറഞ്ഞു ആശ്വസിച്ചു ....എന്‍റെ ഒരു ഒഴിവു ദിവസത്തെ ഉറക്കം കളഞ്ഞതിലല്ല  എന്റെ സുന്ദര സ്വപ്നത്തെ കീറി കളഞ്ഞതിലുള്ള അമര്‍ഷം ആയിരുന്നു..അവിടെ തന്നെ കിടന്നു കീരികളഞ്ഞ സ്വപ്നങ്ങളെ എന്റെ ഓര്‍മകളുമായി യോജിപ്പിക്കാന്‍ നോക്കി ... 
-----------------------------------------------------------------------------------------------------------------------------------------------------------------

      വേങ്ങാട് സൌത്ത് യു .പി .സ്കൂള്‍ ...ഏഴു വര്‍ഷങ്ങള്‍ ബാല്യകാലത്തിന്റെ മുഴുവന്‍ സൗന്ദര്യവും അനുഭവിച്ചും ആഘോഷിച്ചും  തിമിര്ത്താടിയ കാലങ്ങള്‍.
.. സ്നേഹം തന്നും ശാസിച്ചും തല്ലിയും ഞങ്ങളെ നേര്‍വഴിക്കു നടത്താന്‍ എല്ലാ ആത്മാര്‍ത്ഥതയോടും കൂടി നമ്മെ നയിച്ച ഗുരുക്കന്മാര്‍ .. .....അതിനിടയിലെ ചില ഓര്‍മ്മകള്‍ ....(സ്വപ്നം അല്ലാത്തത്)

    അന്ന് സ്കൂളിലെ പേടിസ്വപ്നം നാരായണന്‍ മാഷായിരുന്നു ..വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചു വെളിച്ചെണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടി (ആ എണ്ണയുടെ ഗുണമായിരിക്കും മാഷുടെ മുടിക്കിപോളും നല്ല കറുപ്പാണ് .ഇന്ദുലേഖ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു ...ഇന്നും  മാഷെ കാണുമ്പോള്‍ കൊതിയോടെ നോക്കിപോകും)
കണക്കായിരുന്നു മാഷുടെ വിഷയം .കണക്കിന് മോശമായിരുന്ന എനിക്ക് ഒന്നുരണ്ടു തവണ അടിയും കിട്ടിയിട്ടുണ്ട്....
   സ്കൂളിലെ ഏറ്റവും സൌമ്യമായ സനിധ്യയിരുന്നു ബാലന്‍ മാഷ് ..മശുടെം വേഷം വെള്ളയും വെള്ളയും .മൊത്തത്തില്‍ വെള്ള ...നാരായണന്‍ മാഷ് മുടി അഴകിന്റെ രഹസ്യം എന്തുകൊണ്ടൂ ബാലന്‍ മാഷോട് പറഞ്ഞില്ല എന്ന് തോനുന്നു ...മാഷ് നല്ല കഷണ്ടി ആയിരുന്നു മാത്രല്ല ഉള്ളത് വെളുത്തതും...ചരിത്രവും ഭൂമിസത്രവുംയിരുന്നു വിഷയങ്ങള്‍ .....മാഷ് നോട്ടു പറഞ്ഞുതരുന്നത്‌ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു ..വല്ലാത്ത അടുക്കും ചിട്ടയും ഉണ്ടായിരുന്നു മാഷിന്.ഇന്നു മാഷ് നമ്മോടൊപ്പം ഇല്ല...

ത്രിമൂര്‍ത്തികളില്‍  മൂന്നാമത്തെ മാഷ് കുമാരന്‍.. ..
മാഷെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി വരുന്നത് അദ്ധേഹത്തിന്റെ മകന്‍ മനോജ്‌ ആണ്.ഒരു പേമാരികാലത്ത് ശക്തമായ കാറ്റിലും മഴയിലും സ്കൂള്‍ തകര്‍ന്നിരുന്നു അന്ന് നല്ലവണ്ണം പരിക്കുപറ്റിയിരുന്നു മനോജിനു എന്ന് അച്ഛന്‍ പറയുമായിരുന്നു.അന്ന് രക്ഷപ്രവര്തനത്തില്‍ അച്ഛനും ഉണ്ടായിരുന്നു.
    ക്ലാസ്സ്‌ ഇല്ലാത്ത അവധി ദിനങ്ങളില്‍ സ്കൂള്‍ ഗ്രൌണ്ട് നമ്മുടെ സ്വന്തം ആയിരുന്നു.രാവിലെ തുടങ്ങും ക്രിക്കറ്റ്‌ കളി...സ്കൂള്‍ ഗ്രൌണ്ടിന്റെ തൊട്ടടുത്താണ് മാഷിന്‍റെ  വീട് ..കളിക്കിടയില്‍ ബോള്‍ ചിലപ്പോള്‍ മാഷിറെ പറമ്പില്‍ ചെന്ന് വീഴും..നല്ല കൃഷിക്കാരന്‍ കൂടിയായ മാഷിന്റെ ചേമ്പിന്‍ ,ചീര കൃഷിയൊക്കെ ബോള്‍ എടുക്കാനുള്ള ദ്ര്ധിയില്‍ തള്ളി മറിച്ചിടും ..അതുകണ്ട് മാഷിന്‍റെ ഭാര്യ ഞങ്ങളെ ചീത്ത വിളിക്കും...."വെറുതെ അല്ല ഭാര്യ "..

സ്കൂളിലെ  സിംഹ ഘര്‍ജനം ആയിരുന്നു ജാനകി ടീച്ചര്‍...
നല്ല ഉച്ചതിലെ ടീച്ചര്‍  സംസരിക്കരുള്ളു .ടീച്ചര്‍ സംസാരിക്കുമ്പോള്‍ കഴുത്തിലെ ഞരമ്പ്‌ തടിച്ചു വരുന്നത് കാണാമായിരുന്നു ..ടീച്ചറുടെ  മക്കളെല്ലാം അന്ന് അവിടെ പഠിക്കുന്നുണ്ട് ..സമ്പത്ത് ,സജിന. സജിന എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു.ഒന്നാം സ്ഥാനത്തെ ഏതാണ വേണ്ടി നമ്മള്‍ തമ്മില്‍ ഒരു ശീത മത്സരം നടന്നിരുന്നു ....കതിരു സീന ,കാനതായി ഷമിത ,തവര ജയന്‍ ,പറമ്മേല്‍ ദിനേശന്‍ ,എലിയന്‍ രാഗേഷ് ,പചിരിയന്‍ സുജേഷ് ഇവരൊക്കെ സമ കലീകര്‍ ആയിരുന്നു. സംസ്കൃതം ആയിരുന്നു ടീച്ചറുടെ വിഷയം ....അഞ്ചാം ക്ലാസ്സുമുതല്‍ ഞാനും സംസകൃതം പഠിച്ചു ..

    രമ ടീച്ചര്‍ ,പ്രഭ ടീച്ചര്‍ ,സരോജിനി ടീച്ചര്‍ ,പവിത്രന്‍ മാഷ് ,ശശി മാഷ് ,രാജാമണി ടീച്ചര്‍ ,ഹരിപ്രിയ ടീച്ചര്‍ പ്രകാശന്‍ മാഷ് എല്ലാവരുടേം മുഖം സിനിമ സ്രീനിലെന്ന പോലെ തെളിഞ്ഞു വരുന്നു ..ഇതിനിടയില്‍ 
 ജാനകിയെടത്തി ഉണ്ടാക്കിയ ഉപ്പുമാവിന്റെ മണം ... കലശത്തറയില്‍ പടര്‍ന്നു  നില്‍ക്കുന്ന വള്ളിയുടെ (അതിന്റെ botanical name ഒന്നും ചോദിക്കരുത് ) ഇല  പൊട്ടിച്ചു ചൂടോടെ വാങ്ങി കഴിച്ചതും ഉച്ചകഞ്ഞിയും പയറും  ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു .....

                                                                                                           (തുടരും............)